29
Mar 2024
Friday
ഒമാൻ: ആറു മാസത്തിലേറെ നാട്ടിലായവർക്കും മടങ്ങാം
Jul 24, 2020

മസ്‌കത്ത് ∙ ആറു മാസത്തിൽ കൂടുതൽ നാട്ടിൽ തങ്ങിയ പ്രവാസികളുടെ വീസ റദ്ദാക്കില്ലെന്നും അവർക്ക് ഒമാനിൽ തിരികെ എത്താമെന്നും റോയൽ ഒമാൻ പൊലീസ്. ഇതോടെ, നിലവിലെ സാഹചര്യങ്ങൾ മാറുന്നതു വരെ, ജോലി നഷ്ടമാകുമെന്ന ഭീതിയില്ലാതെ പ്രവാസികൾക്കു നാട്ടിൽ തുടരാം. അതേസമയം, വീസ കാലാവധി കഴിഞ്ഞവർ സ്‌പോൺസർ മുഖേന ഡയറക്ടറേറ്റ് ജനറലിനെ സമീപിച്ചു പുതുക്കണം. വിദേശത്തുള്ളവർക്കും ഇതിനു സൗകര്യമുണ്ട്. വീസ പുതുക്കിയ രസീത് ഒമാനിലെത്തുമ്പോൾ വിമാനത്താവളത്തിൽ കാണിക്കാം. 

കുവൈത്തിൽ പ്രായമേറിയവരെയും അവിദഗ്ധരെയും ഒഴിവാക്കും

കുവൈത്ത് സിറ്റി ∙ 6 മാസത്തിൽ കൂടുതലായി നാട്ടിൽ കഴിയുന്നവരിൽ അവിദഗ്ധർ, 60 വയസ്സിനു മുകളിലുള്ള ഗാർഹിക തൊഴിലാളികൾ ഉൾപ്പെടെയുള്ളവർ, വ്യാജ കമ്പനികളുടെ വീസയിലുള്ളവർ എന്നിവരുടെ ഇഖാമ പുതുക്കേണ്ടെന്നു മാനവേശഷി അതോറിറ്റിയുടെ നിർദേശം. ഇഖാമ പുതുക്കാൻ മാത്രം കുവൈത്തിൽ വന്നുപോകുന്നവർ 6 മാസത്തിൽ കൂടുതൽ രാജ്യത്തിനു പുറത്താണെങ്കിൽ അവരുടേതും പുതുക്കി നൽകില്ല. നിർദേശത്തിൽ അന്തിമതീരുമാനം ഏതാനുംദിവസത്തിനകം ഉണ്ടാകും. 

നിലവിൽ ഇന്ത്യക്കാർ ഉൾപ്പെടെ 70,000 വിദേശികളുടെ തൊഴിലനുമതി റദ്ദായിട്ടുണ്ട്. അവരിൽ കുവൈത്ത് തൊഴിൽ വിപണിക്ക് ആവശ്യമുള്ളവരെയും അവരുടേതല്ലാത്ത കാരണങ്ങളാൽ രേഖ റദ്ദായവരെയും മാത്രം പരിഗണിക്കാനാണു നിർദേശം.  

ബാധ്യതകൾ തീർക്കാനുള്ളവർ, സർക്കാർ ജോലിയുള്ളവരും കുടുംബം കുവൈത്തിൽ വസിക്കുന്നവരുമായ സ്പെഷലിസ്റ്റുകൾ എന്നിവർക്കും ഇഖാമ പുതുക്കി നൽകും. തിരിച്ചെത്താൻ സാധിക്കാത്തവരിൽ ആനുകൂല്യം കിട്ടാനുള്ളവർ മാനവശേഷി അതോറിറ്റി വെബ്സൈറ്റ് മുഖേന അപേക്ഷിക്കം. 6 മാസത്തിലേറെ രാജ്യത്തിനു പുറത്താണെങ്കിൽ ഇഖാമ സ്വമേധയാ റദ്ദാകുമെന്നാണു നിയമം.