29
Mar 2024
Friday
എം.എല്‍.എമാരെ രാജ്ഭവനില്‍ എത്തിച്ച് ഗഹലോത്ത്
Jul 24, 2020

ജയ്പുര്‍: രാജസ്ഥാനില്‍ രാഷ്ട്രീയ പ്രതിസന്ധി മൂര്‍ച്ഛിക്കുന്നു. നിയമസഭ സമ്മേളം വിളിച്ചു ചേര്‍ക്കില്ലെന്ന ഗവര്‍ണര്‍ കല്‍രാജ് മിശ്രയുടെ നിലപാടിനു പിന്നാലെ മുഖ്യമന്ത്രി അശോക് ഗഹലോത്ത് എം.എല്‍.എമാരെ രാജ്ഭവനില്‍ അണിനിരത്തി. ഗവര്‍ണര്‍ വഴങ്ങിയില്ലെങ്കില്‍ ജനങ്ങള്‍ രാജ്ഭവന്‍ വളയുമെന്ന് ഗഹലോത്ത് മുന്നറിയിപ്പും നല്‍കിയിട്ടുണ്ട്

രാജ്ഭവന്റെ പുല്‍ത്തകിടിയില്‍ ഇരുന്ന എം.എല്‍.എമാര്‍ ഏറെ നേരം ഗഹലോത്തിന് അനുകൂലമായും നിയമസഭ വിളിക്കണമെന്ന് ആവശ്യപ്പെട്ടും മുദ്രാവാക്യം മുഴക്കി. രാജ്ഭവന്റെ പുറത്തേക്കു വന്ന ഗവര്‍ണര്‍ ഇവരോട് നിശബ്ദരാവാനാണ് ആവശ്യപ്പെട്ടത്.

എം.എല്‍.എമാരെ രാജ്ഭവനില്‍ അണിനിരത്തി ശക്തിപ്രകടനമാണ് ഗഹലോത്ത് നടത്തിയിരിക്കുന്നത്. ഗഹലോത്ത് ഗവര്‍ണറുമായി കൂടിക്കാഴ്ചയും നടത്തി. റിസോര്‍ട്ടിലുണ്ടായിരുന്ന എം.എല്‍.എമാരെ മൂന്ന് ബസുകളിലായാണ് ഗഹലോത്ത് രാജ്ഭവനിലെത്തിച്ചത്. ഇവര്‍ എത്ര എം.എല്‍.എമാരുണ്ടെന്ന കൃത്യമായ വിവരം ലഭ്യമായിട്ടില്ല. എന്നാല്‍ 102 എം.എല്‍.എമാരുടെ പിന്തുണ തനിക്കുണ്ടെന്നാണ് ഗഹലോത്തിന്റെ അവകാശവാദം.

തിങ്കളാഴ്ച നിയമസഭ വിളിച്ചുകൂട്ടി ഭൂരിപക്ഷം തെളിയിക്കാന്‍ അവസരം നല്‍കണമെന്നാണ് ഗഹലോത്തിന്റെ ആവശ്യം. എന്നാല്‍ കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സഭാസമ്മേളനം വിളിക്കാന്‍ സാധിക്കില്ലെന്ന നിലപാടാണ് ഗവര്‍ണര്‍ സ്വീകരിച്ചതെന്നാണ് ലഭിക്കുന്ന വിവരം. ഗവര്‍ണറുടെ ഭാഗത്തുനിന്ന് അനുകൂല തീരുമാനം ഉണ്ടാകുന്നില്ലെങ്കില്‍ എം.എല്‍.എമാരെയും കൂട്ടി രാജ്ഭവനുള്ളില്‍ ധര്‍ണ ഇരിക്കാനും ആലോചനയുണ്ടെന്നാണ് വിവരം. അതേസമയം രാജ്ഭവന് സി.ഐ.എസ്.എഫിന്റെ സുരക്ഷ നല്‍കണമെന്ന് ബി.ജെ.പി. സംസ്ഥാന നേതൃത്വം ആവശ്യപ്പെട്ടിട്ടുണ്ട്.