29
Mar 2024
Friday
‘സ്വർണാന്വേഷണത്തിൽ’ സഹകരിച്ച് സർക്കാർ; സിസിടിവി ദൃശ്യം എൻഐഎയ്ക്ക് നൽകും
Jul 24, 2020

തിരുവനന്തപുരം ∙ സ്വർണക്കടത്ത് കേസ് അന്വേഷണത്തിന്റെ ഭാഗമായി എന്‍ഐഎ ആവശ്യപ്പെട്ട, മുഖ്യമന്ത്രി പിണറായി വിജയന്റെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം.ശിവശങ്കറിന്‍റെ ഓഫിസിലെ സിസിടിവി ദൃശ്യങ്ങള്‍ നല്‍കാമെന്നു സർക്കാർ. ജൂലൈ 1 മുതല്‍ 12 വരെയുള്ള ദൃശ്യങ്ങള്‍ നല്‍കാന്‍ ചീഫ് സെക്രട്ടറി നിര്‍ദേശിച്ചു. ഈ കാലയളവിലെ ദൃശ്യങ്ങള്‍ ഇടിമിന്നലില്‍ നശിച്ചിട്ടില്ലെന്നാണു വിശദീകരണം.

സ്വര്‍ണക്കടത്ത് കേസിലെ പ്രതികളെ ചോദ്യം ചെയ്യാന്‍ ആരംഭിച്ചപ്പോള്‍ തന്നെ ചീഫ് സെക്രട്ടറിയുടെ ഓഫിസില്‍നിന്നു എന്‍ഐഎ വിവരങ്ങള്‍ തേടിയിരുന്നതായി സൂചനയുണ്ട്. സിസിടിവി ദൃശ്യങ്ങള്‍ വേണമെന്നും ആവശ്യപ്പെട്ടു. സരിത്തും സ്വപ്നയും സന്ദീപ് നായരും അറസ്റ്റിലായപ്പോള്‍ തന്നെ ശിവശങ്കറുമായി ബന്ധപ്പെട്ട ഓരോ കാര്യങ്ങളിലും ചീഫ് സെക്രട്ടറിയില്‍ നിന്നു എന്‍ഐഎ വിവരങ്ങള്‍ തേടി. പിന്നാലെയാണു കഴിഞ്ഞദിവസം ദൃശ്യങ്ങള്‍ തേടി സെക്രട്ടേറിയേറ്റിൽ നേരിട്ടെത്തിയതും.

കള്ളക്കടത്തു നടന്ന രണ്ടു മാസത്തിനുള്ളില്‍ പ്രതികള്‍ ശിവശങ്കറിന്‍റെ ഓഫിസിലും എത്തിയെന്നാണ് അന്വേഷണ സംഘത്തിനു കിട്ടിയ വിവരം. ഇതിന്‍റെ അടിസ്ഥാനത്തിലാണു രണ്ടുമാസത്തെ ദൃശ്യങ്ങള്‍ ആവശ്യപ്പെട്ടത്. സെക്രട്ടേറിയറ്റിലെ സിസിടിവിയിൽ കഴിഞ്ഞ ഒരു വർഷത്തെ ദൃശ്യങ്ങൾ ശേഖരിച്ചു വയ്ക്കാൻ സാധിക്കും. വി.എസ്.അച്യുതാനന്ദൻ സർക്കാരിന്റെ കാലത്താണു സിസിടിവി സ്ഥാപിച്ചതെങ്കിലും അന്ന് 14 ദിവസത്തെ ദൃശ്യങ്ങൾ ശേഖരിക്കാനുള്ള സംവിധാനമേ ഉണ്ടായിരുന്നുള്ളൂ.