25
Apr 2024
Thursday
ഹലോ ജയസൂര്യ ആണോ? ഇത് ‘ജയസൂര്യ’യാ വിളിക്കുന്നേ’; വീട്ടിലേയ്ക്കും ക്ഷണം
Jul 24, 2020

ജീവിതപ്രാരാബ്ധങ്ങൾക്കിടയിലും പ്ലസ്ടുവിന് ഉന്നതവിജയം നേടി മലയാളികളുടെ കയ്യടി നേടിയ കോട്ടയ്ക്കൽ സ്വദേശി ജയസൂര്യയെ തേടി സിനിമാതാരം ജയസൂര്യയുടെ ഫോൺ വിളി. വാർത്തകളിലൂടെ കേട്ടറിഞ്ഞ മിടുക്കൻ പയ്യനെ അഭിനന്ദിക്കാൻ താരം നേരിട്ട് വിളിച്ചപ്പോൾ പ്ലസ്ടുകാരൻ ജയസൂര്യയ്ക്ക് അമ്പരപ്പും സന്തോഷവും. 'ഞാൻ ഒരിക്കലും വിചാരിച്ചിരുന്നില്ല അദ്ദേഹം വിളിക്കുമെന്ന്,' അപ്രതീക്ഷിതമായി സിനിമാതാരം നേരിട്ട് വിളിച്ചതിന്റെ സന്തോഷം പങ്കുവച്ച് ജയസൂര്യ പറഞ്ഞു

"രാത്രിയാണ് വിളിച്ചത്. ജയസൂര്യയെപ്പോലെ ഒരു ജയസൂര്യയാണെന്ന് പറഞ്ഞപ്പോൾ എനിക്ക് ആദ്യം മനസിലായില്ല. പിന്നെ, അദ്ദേഹം പറഞ്ഞു, സിനിമയിലാണ് വർക്ക് ചെയ്യുന്നതെന്ന്! അപ്പോഴാണ് എനിക്ക് ആളെ പിടികിട്ടിയത്. ജയേട്ടന്റെ സിനിമകളൊക്കെ ഞാന്‍ കാണാറുണ്ട്. അദ്ദേഹത്തെ ഒരുപാട് ഇഷ്ടമാണെന്നു മാത്രമല്ല നേരിട്ടു കാണാനും ആഗ്രഹമുണ്ട്. അദ്ദേഹത്തിന്റെ വീട്ടിലേക്ക് എന്നെയും അമ്മയേയും ക്ഷണിച്ചിട്ടുണ്ട്. നന്നായി പഠിക്കണമെന്നു പറഞ്ഞു. പിന്നെ വിളിക്കാനായി അദ്ദേഹത്തിന്റെ നമ്പർ തന്നു. അത് ആർക്കും കൊടുക്കരുതെന്നും പ്രത്യേകം പറഞ്ഞിട്ടുണ്ട്. മാത്രമല്ല ഷൂട്ടിങുമായി ബന്ധപ്പെട്ട് അവിടെ വരുകയാണെങ്കിൽ തീർച്ചയായും വീട്ടിൽ വരാമെന്ന ഉറപ്പും അദ്ദേഹം നൽകിയിട്ടുണ്ട്.’ 

താരത്തിന്റെ പേരുമായി സാമ്യമുള്ളതിനാൽ സ്കൂളിലൊക്കെ കുട്ടികൾ 'സിനിമാനടൻ ആണോ' എന്നൊക്കെ പറഞ്ഞ് കളിയാക്കാറുള്ളതും ജയസൂര്യ ഓർത്തെടുത്തു. "ആദ്യമൊക്കെ ഞാൻ പേര് പറയുമ്പോൾ ആളുകൾ ചോദിക്കും, 'നീയാരാ സിനിമാനടനാണോ' എന്ന്! എന്നെ കളിയാക്കാൻ ചോദിക്കുന്നതാണ്. അതു കേൾക്കുമ്പോൾ എനിക്ക് ദേഷ്യം വരും. പിന്നെ ക്രിക്കറ്റ് താരം സനത് ജയസൂര്യയുടെ പേര് പറഞ്ഞക്കെ കളിയാക്കാറുണ്ടായിരുന്നു. അതുകൊണ്ട്, പിന്നെ ആരെങ്കിലും പേര് ചോദിച്ചാൽ ഞാൻ 'സൂര്യ' എന്നേ പറയാറുണ്ടായിരുന്നുള്ളൂ. ഇനി പക്ഷേ അങ്ങനയല്ല. മുഴുവൻ പേര് പറയുന്നതിൽ സന്തോഷമേയുള്ളൂ," ജയസൂര്യ പുഞ്ചരിയോടെ കൂട്ടിച്ചേർത്തു.

ജയസൂര്യയുടെ അമ്മ ഗോവിന്ദമ്മയോടും ജയസൂര്യ ഫോണിൽ സംസാരിച്ചിരുന്നു. അമ്മയ്ക്ക് മലയാളം അറിയാത്തതിനാൽ തമിഴിലാണ് താരം സംസാരിച്ചത്. 'ഉങ്കളുടെ പേര് താനെ എൻ പുള്ളയ്ക്ക് കൊടുത്ത് വച്ചറ്ക്കേൻ,' എന്നായിരുന്നു സന്തോഷം കൊണ്ടു മുറിഞ്ഞുപോയ ശബ്ദത്തിൽ ഗോവിന്ദമ്മ ജയസൂര്യയോട് പറഞ്ഞത്. താരത്തെ ഒരുപാടു ഇഷ്ടമാണെന്നും ഗോവിന്ദമ്മ പറഞ്ഞു.

കോവിഡ് നിയന്ത്രണങ്ങളിൽ ഇളവു വരുമ്പോൾ കൊച്ചിയിൽ പോയി താരത്തേയും കുടുംബത്തേയും നേരിൽ കാണാനുള്ള തയ്യാറെടുപ്പിലാണ് ജയസൂര്യയും അമ്മയും. ഇംഗ്ലിഷിൽ ബിരുദത്തിനു ചേരാനാണ് ജയസൂര്യയുടെ തീരുമാനം. അതിനൊപ്പം സിവിൽ സർവീസിനും തയ്യാറെടുക്കണം. പഠനങ്ങൾ ഇപ്പോഴേ ആരംഭിച്ചിട്ടുണ്ടെന്നന് ജയസൂര്യ പറഞ്ഞു.

‘വാർത്തകളിൽ നിന്നും സുഹൃത്തുക്കളിൽ നിന്നുമാണ് ഈ മിടുക്കനെ ഞാൻ അറിയുന്നത്. മാത്രമല്ല അവനെന്നെ നേരിട്ട് കാണാൻ ആഗ്രഹമുണ്ടെന്ന് അറിയാനും കഴിഞ്ഞപ്പോൾ ഒത്തിരി സന്തോഷം തോന്നി. നമുക്കെല്ലാം പ്രചോദനമാക്കാൻ പറ്റിയ വ്യക്തിത്വമാണ് ഈ കുട്ടിയുടേത്. അവന്റെ ജീവിതം തന്നെ അതിന് ഉദാഹരണമാണ്. ഒന്നിനും ഒഴികഴിവുകളില്ലാതെയാണ് അവൻ മികച്ച വിജയം നേടിയത്. വീട്ടിലെ ബുദ്ധിമുട്ട്, അതിനൊപ്പം ജോലി, പഠിത്തം. ഓരോ കാരണങ്ങൾ പറഞ്ഞ് അവന് വേണമെങ്കിൽ പഠനത്തിൽ ഉഴപ്പാമായിരുന്നു. പക്ഷേ ലക്ഷ്യം മുന്നിൽ കണ്ട് അതിനു വേണ്ടി പ്രയത്നിച്ചു. നാമൊക്കെ സാധാരണചുറ്റുപ്പാടിൽ ജനിച്ചുവന്നവരാണ്. അതിൽ അസാധാരണമായ സ്വപ്നം കാണുന്നവാണ് ഉന്നതവിജയത്തിലെത്തിച്ചേരുന്നത്. ജയസൂര്യയും ഇനി വലിയ ഉയരങ്ങളിലെത്തട്ടെ.’–നടൻ ജയസൂര്യ പറയുന്നു.

A PHP Error was encountered

Severity: Core Warning

Message: PHP Startup: Unable to load dynamic library '/opt/alt/php55/usr/lib64/php/modules/i360.so' - /opt/alt/php55/usr/lib64/php/modules/i360.so: cannot open shared object file: No such file or directory

Filename: Unknown

Line Number: 0

Backtrace: